
ദോഹ: അന്താരാഷ്ട്ര തലത്തിലുള്ള ടൂറിസം സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസം 'പസഫിക് ഏഷ്യ ട്രാവൽഅസോസിയേഷനിൽ' (PATA) ഡെസ്റ്റിനേഷൻ അംഗമായി ചേർന്നു. ഏഷ്യ-പസഫിക് മേഖലയിലെ ടൂറിസം രംഗത്തെ പ്രമുഖരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഈ അംഗത്വം പുതിയ അവസരങ്ങൾ തുറന്നുനൽകും.
ലണ്ടനിൽ നടന്ന 'വേൾഡ് ട്രാവൽ മാർക്കറ്റ്' (WTM London 2026) വേദിയിൽ ഖത്തർ പവിലിയനിൽ നടന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഖത്തർ ടൂറിസം ഓപ്പറേഷൻസ് അഫയേഴ്സ് ചീഫ് ഒമർ അൽ ജാബറും പാറ്റ (PATA) സി.ഇ.ഒ. നൂർ അഹമ്മദ് ഹമീദും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി, പാറ്റ ചെയർമാൻ ഹെൻട്രി ഒ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
പാറ്റ അംഗത്വത്തിലൂടെ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, ട്രാവൽ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുമായി ബന്ധപ്പെടാൻ ഖത്തർ ടൂറിസത്തിന് സാധിക്കും. അറിവുകൾ പങ്കുവെക്കൽ, ബിസിനസ്സ് നെറ്റ്വർക്കിംഗ്, ഗവേഷണ സഹകരണങ്ങൾ എന്നിവയിലൂടെ ഏഷ്യ-പസഫിക് വിപണിയുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിനോദസഞ്ചാര രംഗത്തും ബിസിനസ്സ് ട്രാവൽ മേഖലയിലും ലോകത്തെ മുൻനിര കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.











